Monday, December 15, 2008

ജന്മാന്തര വാഗ്ദാനങ്ങള്‍


"I will vanish into your future and wait for you there,
however long it takes "

- Jaishree Mishra (Ancient Promises )

Tuesday, December 9, 2008

ഒരു വെയില്‍ ചിത്രം

വൈകിയുണരുന്ന വാരാന്ത്യദിവസങ്ങള്‍ക്ക്....

Monday, December 1, 2008

കോട്ടുവായ

Tuesday, November 18, 2008

Wednesday, November 12, 2008

ഒരോര്‍മ്മച്ചിത്രം......


ഒരോര്‍മ്മച്ചിത്രം.. ഈ ചിത്രത്തിന് മനസ്സിലെ അര്‍ത്ഥം സ്നേഹം എന്നാണ്‍.. ഈ ചിത്രത്തില്‍ ഞാനുണ്ട്, എനിക്കു നഷ്ടപ്പെട്ട ഒരു കാലമുണ്ട്.... ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ കാലത്തിന്റെ സാന്ദ്രതയുമുണ്ട്. എന്റെ മുത്തച്ഛന്‍ ..... എന്നെ കഥകളുടെ, പുരാണങ്ങളുടെ , മലയാളത്തിന്റെ ഒക്കെ ലോകത്തേയ്ക്ക് കൈ പിടിച്ച് കൊണ്ട് പോയത് മുത്തച്ഛനായിരുന്നു. എല്ലാ വെള്ളിയാഴ്ചയും അച്ഛന്റെ തറവാട്ടില്‍ നിന്ന് കുറച്ചകലെള്ള “മുത്തശ്ശന്റോടയ്ക്ക്‌ “ ...ഞായറാഴ്ച വൈന്നേരം തിരിച്ചിങ്ങട്ടും... സ്ക്കൂള്‍ കാലഘട്ടം അങ്ങനെ ആയിരുന്നു.... വെള്ളീം ശനീം മുത്തച്ഛന്റെ കൂട്യാണ്‌ രാത്രീല്‍ത്തെ കിടത്തം .... അങ്ങനെ മുത്തച്ഛന്റെ തണ്‌പ്പ്ള്ള ശരീരോം കെട്ടിപ്പിടിച്ചു കെടന്നങ്ങനെ കഥ കേള്‍ക്ക്വ... മുത്തശ്ശനാച്ചാല്‍ ഒരു പാടൊരുപാടു കഥകളറിയാം..അങ്ങന്യാണ്‌ ഞാന്‍ പുരാണകഥകള്‌ മുഴ്വോനും കേക്കണത്‌.സ്കൂളില്‍ പോയേര്ന്നത് അച്ഛന്റെ വീട്ടില്‍ നിന്നേര്ന്നു ; സ്കൂള്‍ ബസ്സ്‌ ലാരുന്നു യാത്ര.... മുത്തശ്ശന്റെ വീടിന്റെ അടുത്തൂടെയും സ്കൂള്‍ ബസ്സ്‌ പോക്വായിരുന്നു. മുത്തച്ഛന്‍ മിക്ക ദിവസവും ആ സമയത്ത് അവിടെ വന്നു നില്‍ക്കും അതു വഴി പോകുമ്പൊ കാണാന്‍..സ്കൂള്‍ ബസിന്റെ ഡ്രൈവര്‍ അദ്രമാനിക്ക്യാണ്ച്ചാല്‍ മുത്തശ്ശ‍ന്റെ പഴയൊരു സ്റ്റുഡന്റുമായിരുന്നോണ്ട് മുത്തശ്ശന് വേണ്ടി ഒരു രണ്ട് മിനിറ്റ് നിര്‍ത്തിക്കൊടുക്കുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ .വെള്ളിയാഴ്‌ച വൈകുന്നേരമായാല്‍ പിന്നെ ഞങ്ങള്‍ വരും വരെ അക്ഷമനായി ഉമ്മറത്തിരിക്കും... രാത്രി ഊണു കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ രണ്ടു പേരും മാത്രമുള്ള കഥകളുടെ ലോകത്തേയ്ക്ക്...കഥകള്‍ക്കിടയില്‍ ചിലപ്പൊ ശ്‌ളോകങ്ങളും ഉണ്ടാവും, മനസ്സിലാക്കാനെളുപ്പമുള്ളവ ചോദ്യങ്ങളായും...

“ചന്ദ്രബിംബസമം വസ്തു
വസ്തുനാമത്രയാക്ഷരം
‘പ‘ കാരാദി ‘ട‘ കാരാന്ത്യം
മദ്ധ്യം ചൊല്ലുകില്‍ ബുദ്ധിമാന്‍”- ന്താ ഉത്തരംന്ന് നിശ്ശംണ്ടോ മോന്??

കാലം ഒരു പാട് മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കടന്ന് പോകുമ്പോഴും, ഞാന്‍ വരുമെന്നറിയുന്ന ദിവസങ്ങളില്‍ ഉമ്മറത്ത് അക്ഷമനായുള്ള മുത്തശ്ശന്റെ ആ കാത്തിരിപ്പിന് മാത്രം മാറ്റമൊന്നും വന്നില്ല.....

മുത്തശ്ശന്‍ പോയിട്ട് ഒരു കൊല്ലം കഴിയുന്നു; വൈകിയെത്തുമ്പോഴും ഉമ്മറത്ത് പ്രതീക്ഷിച്ചിരിക്കാന്‍ മുത്തശ്ശനില്ലാത്ത വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ വല്ലാത്തൊരു ശൂന്യത ... അവിടം പഴയ അവിടമല്ലാത്തത് പോലെ... എല്ലാവരും യാത്ര പറയുമ്പോള്‍ ബാക്കിയാവുന്നതും അതു മാത്രമായിരിക്കണം, ഒരു വാക്വം, അവര്‍ക്കല്ലാതെ മറ്റാര്‍ക്കും നിറയ്ക്കാനാവാത്ത ഒരു ശൂന്യത...........

"കാരാട്ടെ പഴയൊരു വല്യമ്മാമ പേരു കേട്ട മന്ത്രവാദി ആയിരുന്നൂത്രെ... കാട്ടുമാടത്തെ അന്നത്തെ അവകാശിയും വല്യപേരു കേട്ട മന്ത്രവാദി ആയിരുന്നു... അങ്ങനെ ഇവര് പുറമെ കാണുമ്പോള്‍ വല്യ സ്നേഹിതരൊക്ക്യാച്ചാലും അകത്തു മത്സരമുണ്ട്‌.. ആരാരാ കേമന്‍ന്നു തെളിയിക്കാന്‍ വേണ്ടീട്ട്‌... അങ്ങനിരിക്കെ ഒരീസം ......"--- ഓര്‍മ്മകളില്‍ മുത്തശ്ശന്‍ പുതിയൊരു കഥയ്ക്കു കൂട്ട്‌ കൂട്ടുകയാണ്‌......

Wednesday, October 22, 2008

ആരണ്യകം

കാട്ടിനകത്തെ എല്ലാ കാഴ്ചകളും പുതുമയുള്ള കാഴ്ചകള്‍ തന്നെയാണ്... എവിടെയും എങ്ങും നാം കണ്ട് പരിചയിച്ചിട്ടില്ലാത്ത, മനുഷ്യവാസം കൊണ്ട് നാടിന് കൈമോശം വന്നു പോയ സസ്യസാന്ദ്രതയും വൈവിധ്യവും മാത്രം. മരത്തെ വള്ളികളായി ചുറ്റി പൊതിഞ്ഞ് ഒടുക്കം ഞെരിച്ചമര്‍ത്തിക്കൊല്ലുന്ന ചേല ,‍ തൊട്ടാല്‍ ചൊറിയുന്ന ചേര് എന്നിങ്ങനെ പേരറിയുന്നതും അറിയാത്തതുമായ എത്രയെത്ര വിസ്മയക്കാഴ്ചകളാണ് ‍...!
ചുവന്ന ഇലകളുള്ള ഈ വൃക്ഷക്കാഴ്‌ച ഭൂതത്താന്‍ കെട്ടിനടുത്ത് നിന്നും.

Monday, October 13, 2008

ഏകാന്തതയുടെ രണ്ട്‌ ഗീതങ്ങള്‍


"I shall gather myself into myself again,
I shall take my scattered selves and make them one,
Fusing them into a polished crystal ball,

Where I can see the moon and the flashing sun."


-Two Songs for Solitude(Sara Teasdale)

Tuesday, September 23, 2008

ശലഭസുന്ദരി

ഇതാ ഒരു കൊച്ചു ശലഭസുന്ദരി.......
കൂടുതല്‍ സുന്ദരികളെ കാണാന്‍ ദാ ഇവിടെ ക്ലിക്കുക...
* Click here to see more butterflies
** സമര്‍പ്പണം: കൃത്യസമയത്ത് ഈ സുന്ദരിയെ എന്റെ കണ്ണില്‍പ്പെടുത്തിത്തന്ന ചിന്നൂന്....

ബട്ടര്‍ഫ്ലൈ കിസ്സ് എന്ന കവിത ഇവിടെ വായിക്കാം :)

Tuesday, September 16, 2008

ഒരു കാടന്‍ പൂച്ച

ഒരു കാടന്‍ പൂച്ച ! ! ! !
"What immortal hand or eye
Dare frame thy fearful symmetry? "
-Tiger ( William Blake )
ഹൈദ്രാബാദ് നെഹ്രു പാര്‍ക്കില്‍ നിന്ന്...

Monday, September 8, 2008

ഓണപ്പൂത്തുമ്പി


കേരളവും ബൂലോകവും ഓണത്തിരക്കുകളിലേക്ക് നീങ്ങുമ്പോള്‍ ഇത്തവണ ഓണം ഇല്ലാത്ത , ഓണത്തിന് നാട്ടിലും പോവാത്ത ചിന്നുവിന്റെയും കിച്ചുവിന്റെയും വക ഒരു ചെറിയ ഓണപ്പൂത്തുമ്പി........

എല്ലാവര്‍ക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ !!!
- സസ്നേഹം ചിന്നു & കിച്ചു

Sunday, August 24, 2008

ഓര്‍മ്മകളില്‍ നമുക്കൊരു പൂക്കാലമുണ്ടായിരുന്നു


കാലം നമുക്കു ചുറ്റും എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നത് !!
പിന്നിട്ട വഴികളിലൂടെ, ഓര്‍മകളിലൂടെ ഒരു പാട് കാലത്തിന്
ശേഷം വീണ്ടും കടന്ന് പോകേണ്ടി വരുമ്പോഴായിരിക്കും കാലം വരുത്തിയ
മാറ്റങ്ങളെ അത്ഭുതത്തോടെ, നഷ്ടബോധത്തോടെ , വേദനയോടെ നോക്കി നില്‍ക്കേണ്ടി വരിക..
ഇരുന്ന മരത്തണലുകള്‍, നടന്ന വഴികള്‍, നീന്തിത്തുടിച്ച കുളം, ഊഞ്ഞാല്‍ കെട്ടിയാടിത്തിമിര്‍ത്ത മരച്ചില്ലകള്‍..... അങ്ങനെയങ്ങനെ.......

“ഓര്‍മകളില്‍ നമുക്കൊരു പൂക്കാലമുണ്ടായിരുന്നു.ആഘോഷത്തോടെ പങ്കു വെയ്ക്കാന്‍ ചിരിയും പ്രകാശവുമുള്ള കുറേ വര്‍ഷങ്ങളുണ്ടായിരുന്നു.... വ്യര്‍ത്ഥമാവാത്ത വര്‍ഷങ്ങള്‍... നമ്മുടെ കാലടികള്‍ക്ക് കീഴില്‍, മണ്ണിന് ചുവട്ടില്‍, സ്നേഹത്തിന്റെ നീരുറവകള്‍ നിശ്ശബ്ദം ഒഴുകിക്കൊണ്ടിരിക്കുന്നു”
-എംടി ( എന്‍.പി മുഹമ്മദിന്റെ വേര്‍പാടിനെപ്പറ്റി )‍

Monday, August 18, 2008

സ്വാതന്ത്ര്യം



"തയ്യല്‍ക്കാരനോട് ശിഷ്യന്‍ ചോദിച്ചു:
ഗുരോ സ്വാതന്ത്ര്യം എന്ത്?
..............................................
വിശക്കുന്നവനു ഭക്ഷണവും
ദാഹിക്കുന്നവനു വെള്ളവും
തണുക്കുന്നവനു പുതപ്പും
തളരുന്നവന് കിടപ്പും
സ്വാതന്ത്ര്യമല്ലോ
...............................
എന്നാല്‍ തുന്നാത്തവന്റെ കിനാക്കാഴ്ച കെടും
തുന്നല്‍ സൂചിയുടെ കൂര്‍ത്ത വെളിവില്‍
സ്വാതന്ത്ര്യം ഉണ്ട്
അതു വിതച്ചവന് മാത്രമുള്ള വിളവ്
വിയര്‍ത്തവന് മാത്രമുള്ള അപ്പം
തുന്നിയവന് മാത്രമുള്ള കുപ്പായം "
( സ്വാതന്ത്ര്യം ) ------------------------------------------------------------------------------ - (ബാലചന്ദ്രന്‍ ചുള്ളിക്കാട് )

അല്‍പ്പം വൈകിയെങ്കിലും എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍..!!!
** ഹൈദ്രാബാദ് മെക്കാ മസ്ജിദില്‍ നിന്നെടുത്ത ചിത്രങ്ങള്‍

Friday, August 1, 2008

ഇന്നലെ ചെയ്തോരബദ്ധം......?


പണ്ട്‌ പണ്ട്‌ നടന്ന ഒരു കഥയാണുട്ടോ................ പണ്ട്ച്ചാലേതാണ്ടൊരു പതിനഞ്ച്‌ കൊല്ലം മുമ്പെ... ഒരു വേനലവധിക്കാലത്ത്‌ ..................................................
അന്നൊക്കെ വേനലവധിച്ചാല്‍ അഘോഷാണ്‌..രാവിലെ കളിക്കാനിറങ്ങിയാപ്പിന്നെ ഇരുട്ടു വീണാലേ കൂടണയൂ, തോന്ന്യൊറമ്പില്‍ പൂരം മണുങ്ങത്താട്ട്‌ വേല തുടങ്ങിയ ദിവസങ്ങളിലാ‍ച്ചാല്‍ രാത്രി നാടകം കഴിഞ്ഞിട്ട്‌ കയറിയാലും മതി..അതായത്‌ രാത്രിഒരു രണ്ട്‌ മണി ഒക്കെ ആവും.. ജീവിതം സ്വച്ഛം സുന്ദരം !

അന്നത്തെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു തുമ്പിവേട്ട.. ഏറ്റവും വലുതും നല്ല ഉയരത്തില്‍ പറക്കുന്നതുമായ ആനത്തുമ്പി , അത്ര വലുപ്പമില്ലെങ്കിലും ചെമ്പന്‍ നിറത്തില്‍ ഒന്നു കൂടി സുന്ദരനായ ഓണത്തുമ്പി, കുറച്ചു കൂടി വലുപ്പം കുറഞ്ഞ കറുത്ത ചിറകുകളോട്‌ കൂടിയ തുമ്പി, അതേ വലുപ്പത്തില്‍ ചാര നിറമുള്ള ചിറകുകളൂള്ള മറ്റൊരു തുമ്പി, ഇവരിലും വളരെ മെലിഞ്ഞ്‌ നീലത്തലയും പച്ച ഉടലുമുള്ള സുന്ദരന്‍ തുമ്പി, ഇവരുടെ ഒന്നും നാലിലൊന്നു പോലുമില്ലാത്ത കുഞ്ഞന്‍മാരായ ചെമ്പന്‍ തുമ്പിയും നീലത്തുമ്പിയും ഇവരൊക്ക്യായിരുന്നു ഞങ്ങടെ ഇരകള്‍..

അങ്ങനെ ഒരു അവധിക്കാലത്ത്‌ രാവിലെ എണീറ്റ്‌ പല്ലുതേച്ചെന്നൊന്ന്‌ വരുത്തി പറമ്പില്‍ നടക്കാനിറങ്ങിയതായിരുന്നു ഞങ്ങള്‍..

"അല്ല, കിച്ച്വോ, നമ്മളീ വല്യതുമ്പീനെ ആനത്തുമ്പീന്നല്ലേ വിളിക്ക്യ, അപ്പൊ ദാ ഈ തുമ്പീടെ പേരെന്താ? " അനുവിന്റെയാണ്‌ ചോദ്യം... കറുത്ത ചിറകുള്ള തുമ്പിയെ ചൂണ്ടിക്കൊണ്ട്‌...

ശ്ശെടാ ഭയങ്കരാ! ഞാനിതു വരെ അങ്ങനെ ആലോചിച്ചിട്ട്‌ പോലുമില്ലാത്ത കാര്യം... അറിയില്ലാന്ന്‌ പറയാന്‍ തോന്നുന്നുമില്ല...

കയ്യില്‍ ധാരാളമായിരിക്കുന്ന ബുദ്ധിയില്‍ അല്‍പ്പം പ്രയോഗിക്കാന്‍ തന്നെ തീരുമാനിച്ചു... ആന, ആനയുടേ അത്ര വലുപ്പമില്ല... എന്നാല്‍ തീരെ ചെറുതുമല്ല.. പുലി!!! അതു തന്നെ!! കിട്ടിപ്പോയി...
"അതാണ്‌ പുലിത്തുമ്പി.. !''
"അപ്പൊ ദാ ഇതിന്റെയോ'" ഇത്തവണ ഹരീഷിന്റെയാണ്‌ ചോദ്യം..... ചാരച്ചിറകുള്ള തുമ്പിയുടെ പേരാണ്‌ പ്രശ്നക്കാരന്‍..
ഹമ്പട.... ആനയോളം വലുപ്പമില്ല.. എന്നാലേതാണ്ട്‌ പുലിയുടെ വലുപ്പമുള്ള ഒരു ജീവി... തല പുകയുന്നുണ്ടോ?...ഊം.. ഏയ്‌.. നിസ്സാരം....
"ഇത്‌ കാണ്ടാമൃഗത്തുമ്പി ..! "(ഭാഗ്യം! ഹിപ്പൊപ്പൊട്ടാമസ് എന്ന പേരപ്പോ ഓര്‍മ വരാഞ്ഞത്‌! )

പിന്നെയും ഒരുപാട്‌ വേനലവധിക്കാലങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കടന്നു പോയി.. ബാല്യം വിട്ട്‌ കൌമാരത്തിലെത്തിയ ഞങ്ങള്‍ തുമ്പി വേട്ടയും ചട്ടിപ്പന്തും കള്ളനും പോലീസും വിട്ട്‌ ക്രിക്കറ്റും ചൂണ്ടയിടലും നീന്താന്‍ പോക്കുമെല്ലാം വേനലവധിയുടെ പ്രധാന അജണ്ടയിലുള്‍ക്കൊള്ളിച്ച കാലം... അന്നൊരു വൈകുന്നേരം ഞങ്ങള്‍ അനുവിന്റെ വീട്ടിലിരിക്കുകയായിരുന്നു...
"അന്വേട്ടാ, ഈ തുമ്പിടെ പേരെന്താ?".. അജിയുടെ ആണ്‌ ചോദ്യം, അനുവിന്റെ കുഞ്ഞനിയന്‍.
"അതിന്റെ പേരു കാണ്ടാമൃഗ തുമ്പി '"..
കേട്ട്‌ കൊണ്ടിരുന്ന എന്റെ കയ്യ്‌ അറിയാതെ എന്റെ തലയിലേക്ക്‌ പോയി.. മനസ്സിലിരുന്നാരോ ചൊല്ലുന്നുണ്ടായിരുന്നു..
" ഇന്നലെ ചെയ്തോരബദ്ധം.... "


** സംഭവം ഇതു പോസ്റ്റാന്‍ പോകുന്നതിനു മുമ്പ്‌ വെറുതെ 'തുമ്പി' എന്നൊന്നു ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തതു കൊണ്ടു ഈ തുമ്പികളുടെ പേര്‌ സ്വാമി തുമ്പി എന്നാണെന്നും , കറുപ്പു നിറക്കാരന്‍ ആണും ചാര നിറക്കാരി പെണ്ണും ആണെന്നും വിക്കി പേജില്‍ നിന്നെനിക്ക്‌ മനസ്സിലായി.. ആഷച്ചേച്ചി എടുത്ത പടങ്ങളും ഉണ്ട്‌.... എന്നാലും പുലിത്തുമ്പിയും കാണ്ടാമൃഗത്തുമ്പിയും തന്നെയാണ്‌ കിടിലം!! അല്ലേ ? :-)

Wednesday, July 23, 2008

ശാര്‍ദ്ദൂലവിക്രീഡിതം

“ പന്ത്രണ്ടാല്‍ മസജം , സതംതഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം” :-)

ശാര്‍ദ്ദൂലങ്ങളുടെ ജലക്രീഡാവീനോദം..!!

ഹൈദ്രാബാദിലെ നെഹ്രുപാര്‍ക്കില്‍ നിന്നെടുത്ത ഇണ ചേരുന്ന സൈബീരിയന്‍ കടുവകളുടെ ചിത്രങ്ങള്‍.... :-)

Monday, July 7, 2008

നൊസ്റ്റാ‍ള്‍ജിയ

“ഞാനില്ലാത്ത കാലത്തെക്കുറിച്ചു നീ നൊസ്റ്റാള്‍ജിക് ആവുന്നതെനിക്കിഷ്ടല്ല....”
“അതിനിപ്പോ എന്താ ചെയ്യാ... ന്റെ കുട്ടിക്കാലത്ത് നീയില്ല്യാഞ്ഞോണ്ടല്ലേ?”
“ഏഴാം ക്ലാസ്സില്‍ കൂടെപ്പഠിച്ചപ്പോത്തന്നെ അങ്ങട്ട് പ്രേമിച്ചാ മതിയാര്‍ന്നു.”
“പിന്നൊരു വഴീണ്ട്, നിന്നെ ഞാനെന്റെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പൂവാം,
അന്നത്തെക്കാഴ്ച്ചകളൊക്കെ ഒന്നൂടിക്കാണാം.... അപ്പോ എന്റെ ഭൂ‍തകാലം നിന്റേത് കൂടിയാവും,
പിന്നെ എന്റെ.... , അല്ല ...നമ്മുടെ നൊസ്റ്റാള്‍ജിയ.......”


23/7/08- രാഹുലേട്ടന്റെ സജഷന്‍ വച്ചു, ഫോട്ടോസ് ക്രോപ്പ് ചെയ്ത്,ഒന്നൂടി പോസ്റ്റുന്നു. കുറേക്കൂടി നന്നായി എന്നാണെനിക്കു തോന്നുന്നത്. രാഹുലേട്ടനു നന്ദി. എന്നെപ്പോലുള്ള തുടക്കക്കാരെ ഇതു പോലെയുള്ള തെറ്റുകള്‍ തിരുത്താന്‍ ഇനിയും സഹായിക്കുക

Tuesday, June 24, 2008

ഈ കിളിയെ കണ്ടിട്ടുണ്ടോ?????

കഴിഞ്ഞ പോസ്റ്റ് എല്ലാര്‍ക്കും പരിചയമുള്ള ഒരു കിളിയെക്കുറിച്ചായിരുന്നപ്പോത്തന്നെ തീരുമാനിച്ചു, അടുത്തത് അധികമാരും കാണാത്ത ഒരു കിളിയെപ്പറ്റിയാവണം എന്ന്....

തീരുമാനങ്ങളെടുക്കാനെളുപ്പാണ് ; നടപ്പിലാക്കാനാണല്ലോ പ്രയാസം... ബാല്‍ക്കണിയില്‍ വന്ന് താമസമാക്കിയ പ്രാവിന്റെ ഫോട്ടൊ എടുക്കുന്ന അത്ര എളുപ്പമല്ലല്ലോ, ഫ്രീ ആയി പറന്ന് നടക്കണ കിളികളുടെ ഫോട്ടോ എടുക്കാന്‍!!!.... അതും ആരും കാണാത്ത ഒരു പക്ഷിയെ എവിടുന്നു കിട്ടാന്‍ !!!

അങ്ങനെ ഇരിക്കുമ്പോഴാണ് ഈ ഇഷ്ട്ടന്‍ കണ്ണില്‍ പെട്ടത്.....
ഈ കിളിയെ മുമ്പു നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?... ഒന്ന് സൂക്ഷിച്ചു നോക്ക്യേ.....




ഇതിന്റെ പ്രധാന‍ ഗുണം എന്നു പറയുന്നത് , ഇഷ്ടന്‍ പറന്ന് പോവും എന്നു പേടിക്കണ്ട എന്നുള്ളതാണ്.
ഞങ്ങളുടെ നാട്ടിലൊക്കെ തത്തച്ചെടി എന്നു വിളിക്കണ ഒരു ചെടീടെ പൂവാണ് കക്ഷി...... മുമ്പ് കണ്ടിട്ടുണ്ടോ...


Monday, June 9, 2008

വിളിക്കാതെ വന്ന അതിഥി

അഞ്ചാം നിലയിലുള്ള എന്റെ ഹൈദ്രാബാദിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ ഒരു പൂ‍ച്ചട്ടിയുണ്ട്... അതിലെന്തെങ്കിലും ഒരു പൂച്ചെടി വളര്‍ത്തണംന്ന് ച്ചിരിക്കുമ്പോളാണ് പെട്ടെന്നൊരീസം ഒരു പുത്യ വിരുന്നുകാരി അവിടെ താമസമാക്കീത്. ഇത്തിരി ദിവസം കൂടി കഴിഞ്ഞപ്പോ ........... :-)


Friday, April 18, 2008

തെച്ചിപ്പൂക്കള്‍




---------------------------------------------------------------------------
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പൈയ്യിന്‍ മുലകളെ പെട്ടെന്നീപ്പൂതം കുടിക്കും
മണമേറുമന്തിയില്‍ ബന്ധുഗൃഹം പൂകാന്‍ ഉഴറിക്കുതിക്കുമാള്‍ക്കാരെ
അകലേക്കകലേക്കു വഴി തെറ്റിച്ചിപ്പൂതം അവരോട് താംബൂലം വാങ്ങും

തെറ്റിത്തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ നടത്തം...ഒടുക്കം മനസ്സിലാവും..
അപ്പോള്‍ ഒന്ന് മുറുക്കാനെടുത്ത് വഴിയരികില്‍ വച്ചാല്‍ മതി;വഴിയെല്ലാം തെളിഞ്ഞു കാണും
നമ്മള്‍ പോയിക്കഴിഞ്ഞാല്‍ പൂതം വന്ന്, മുറുക്കാനെടുത്തു മുറുക്കി,
തെച്ചിപ്പൊന്തയിലേക്ക് പാറ്റിയൊരു തുപ്പ് തുപ്പും.
അതാണല്ലൊ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത് !

-പൂതപ്പാട്ട് ( ഇടശ്ശേരി )

---------------------------------------------------------------------------------------







Tuesday, April 15, 2008

വിട

നാട് വിട്ട് പോരണേന്റെ മുമ്പെ ഒരിക്കല്‍ക്കൂടി പഴയ വഴികളിലൂടെ ഒന്ന് നടക്കണം;
ഞങ്ങളുടെ ഒരുപാട് സന്ധ്യകളെ ധന്യമാക്കിയ ആ പുഴയോരത്തു കൂടി ഒരിക്കല്‍ക്കൂടി...........
ഇനി മടങ്ങിയെത്തും വരേക്കും നിന്നോടു വിട.....................................................

സമര്‍പ്പണം: ഈ പുഴയോരത്തെ എന്റെ സന്ധ്യകളില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക്... ഹരീഷ്,സുജിത്,അനു....