Tuesday, November 18, 2008

Wednesday, November 12, 2008

ഒരോര്‍മ്മച്ചിത്രം......


ഒരോര്‍മ്മച്ചിത്രം.. ഈ ചിത്രത്തിന് മനസ്സിലെ അര്‍ത്ഥം സ്നേഹം എന്നാണ്‍.. ഈ ചിത്രത്തില്‍ ഞാനുണ്ട്, എനിക്കു നഷ്ടപ്പെട്ട ഒരു കാലമുണ്ട്.... ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ കാലത്തിന്റെ സാന്ദ്രതയുമുണ്ട്. എന്റെ മുത്തച്ഛന്‍ ..... എന്നെ കഥകളുടെ, പുരാണങ്ങളുടെ , മലയാളത്തിന്റെ ഒക്കെ ലോകത്തേയ്ക്ക് കൈ പിടിച്ച് കൊണ്ട് പോയത് മുത്തച്ഛനായിരുന്നു. എല്ലാ വെള്ളിയാഴ്ചയും അച്ഛന്റെ തറവാട്ടില്‍ നിന്ന് കുറച്ചകലെള്ള “മുത്തശ്ശന്റോടയ്ക്ക്‌ “ ...ഞായറാഴ്ച വൈന്നേരം തിരിച്ചിങ്ങട്ടും... സ്ക്കൂള്‍ കാലഘട്ടം അങ്ങനെ ആയിരുന്നു.... വെള്ളീം ശനീം മുത്തച്ഛന്റെ കൂട്യാണ്‌ രാത്രീല്‍ത്തെ കിടത്തം .... അങ്ങനെ മുത്തച്ഛന്റെ തണ്‌പ്പ്ള്ള ശരീരോം കെട്ടിപ്പിടിച്ചു കെടന്നങ്ങനെ കഥ കേള്‍ക്ക്വ... മുത്തശ്ശനാച്ചാല്‍ ഒരു പാടൊരുപാടു കഥകളറിയാം..അങ്ങന്യാണ്‌ ഞാന്‍ പുരാണകഥകള്‌ മുഴ്വോനും കേക്കണത്‌.സ്കൂളില്‍ പോയേര്ന്നത് അച്ഛന്റെ വീട്ടില്‍ നിന്നേര്ന്നു ; സ്കൂള്‍ ബസ്സ്‌ ലാരുന്നു യാത്ര.... മുത്തശ്ശന്റെ വീടിന്റെ അടുത്തൂടെയും സ്കൂള്‍ ബസ്സ്‌ പോക്വായിരുന്നു. മുത്തച്ഛന്‍ മിക്ക ദിവസവും ആ സമയത്ത് അവിടെ വന്നു നില്‍ക്കും അതു വഴി പോകുമ്പൊ കാണാന്‍..സ്കൂള്‍ ബസിന്റെ ഡ്രൈവര്‍ അദ്രമാനിക്ക്യാണ്ച്ചാല്‍ മുത്തശ്ശ‍ന്റെ പഴയൊരു സ്റ്റുഡന്റുമായിരുന്നോണ്ട് മുത്തശ്ശന് വേണ്ടി ഒരു രണ്ട് മിനിറ്റ് നിര്‍ത്തിക്കൊടുക്കുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ .വെള്ളിയാഴ്‌ച വൈകുന്നേരമായാല്‍ പിന്നെ ഞങ്ങള്‍ വരും വരെ അക്ഷമനായി ഉമ്മറത്തിരിക്കും... രാത്രി ഊണു കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ രണ്ടു പേരും മാത്രമുള്ള കഥകളുടെ ലോകത്തേയ്ക്ക്...കഥകള്‍ക്കിടയില്‍ ചിലപ്പൊ ശ്‌ളോകങ്ങളും ഉണ്ടാവും, മനസ്സിലാക്കാനെളുപ്പമുള്ളവ ചോദ്യങ്ങളായും...

“ചന്ദ്രബിംബസമം വസ്തു
വസ്തുനാമത്രയാക്ഷരം
‘പ‘ കാരാദി ‘ട‘ കാരാന്ത്യം
മദ്ധ്യം ചൊല്ലുകില്‍ ബുദ്ധിമാന്‍”- ന്താ ഉത്തരംന്ന് നിശ്ശംണ്ടോ മോന്??

കാലം ഒരു പാട് മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കടന്ന് പോകുമ്പോഴും, ഞാന്‍ വരുമെന്നറിയുന്ന ദിവസങ്ങളില്‍ ഉമ്മറത്ത് അക്ഷമനായുള്ള മുത്തശ്ശന്റെ ആ കാത്തിരിപ്പിന് മാത്രം മാറ്റമൊന്നും വന്നില്ല.....

മുത്തശ്ശന്‍ പോയിട്ട് ഒരു കൊല്ലം കഴിയുന്നു; വൈകിയെത്തുമ്പോഴും ഉമ്മറത്ത് പ്രതീക്ഷിച്ചിരിക്കാന്‍ മുത്തശ്ശനില്ലാത്ത വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ വല്ലാത്തൊരു ശൂന്യത ... അവിടം പഴയ അവിടമല്ലാത്തത് പോലെ... എല്ലാവരും യാത്ര പറയുമ്പോള്‍ ബാക്കിയാവുന്നതും അതു മാത്രമായിരിക്കണം, ഒരു വാക്വം, അവര്‍ക്കല്ലാതെ മറ്റാര്‍ക്കും നിറയ്ക്കാനാവാത്ത ഒരു ശൂന്യത...........

"കാരാട്ടെ പഴയൊരു വല്യമ്മാമ പേരു കേട്ട മന്ത്രവാദി ആയിരുന്നൂത്രെ... കാട്ടുമാടത്തെ അന്നത്തെ അവകാശിയും വല്യപേരു കേട്ട മന്ത്രവാദി ആയിരുന്നു... അങ്ങനെ ഇവര് പുറമെ കാണുമ്പോള്‍ വല്യ സ്നേഹിതരൊക്ക്യാച്ചാലും അകത്തു മത്സരമുണ്ട്‌.. ആരാരാ കേമന്‍ന്നു തെളിയിക്കാന്‍ വേണ്ടീട്ട്‌... അങ്ങനിരിക്കെ ഒരീസം ......"--- ഓര്‍മ്മകളില്‍ മുത്തശ്ശന്‍ പുതിയൊരു കഥയ്ക്കു കൂട്ട്‌ കൂട്ടുകയാണ്‌......