Friday, August 1, 2008

ഇന്നലെ ചെയ്തോരബദ്ധം......?


പണ്ട്‌ പണ്ട്‌ നടന്ന ഒരു കഥയാണുട്ടോ................ പണ്ട്ച്ചാലേതാണ്ടൊരു പതിനഞ്ച്‌ കൊല്ലം മുമ്പെ... ഒരു വേനലവധിക്കാലത്ത്‌ ..................................................
അന്നൊക്കെ വേനലവധിച്ചാല്‍ അഘോഷാണ്‌..രാവിലെ കളിക്കാനിറങ്ങിയാപ്പിന്നെ ഇരുട്ടു വീണാലേ കൂടണയൂ, തോന്ന്യൊറമ്പില്‍ പൂരം മണുങ്ങത്താട്ട്‌ വേല തുടങ്ങിയ ദിവസങ്ങളിലാ‍ച്ചാല്‍ രാത്രി നാടകം കഴിഞ്ഞിട്ട്‌ കയറിയാലും മതി..അതായത്‌ രാത്രിഒരു രണ്ട്‌ മണി ഒക്കെ ആവും.. ജീവിതം സ്വച്ഛം സുന്ദരം !

അന്നത്തെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു തുമ്പിവേട്ട.. ഏറ്റവും വലുതും നല്ല ഉയരത്തില്‍ പറക്കുന്നതുമായ ആനത്തുമ്പി , അത്ര വലുപ്പമില്ലെങ്കിലും ചെമ്പന്‍ നിറത്തില്‍ ഒന്നു കൂടി സുന്ദരനായ ഓണത്തുമ്പി, കുറച്ചു കൂടി വലുപ്പം കുറഞ്ഞ കറുത്ത ചിറകുകളോട്‌ കൂടിയ തുമ്പി, അതേ വലുപ്പത്തില്‍ ചാര നിറമുള്ള ചിറകുകളൂള്ള മറ്റൊരു തുമ്പി, ഇവരിലും വളരെ മെലിഞ്ഞ്‌ നീലത്തലയും പച്ച ഉടലുമുള്ള സുന്ദരന്‍ തുമ്പി, ഇവരുടെ ഒന്നും നാലിലൊന്നു പോലുമില്ലാത്ത കുഞ്ഞന്‍മാരായ ചെമ്പന്‍ തുമ്പിയും നീലത്തുമ്പിയും ഇവരൊക്ക്യായിരുന്നു ഞങ്ങടെ ഇരകള്‍..

അങ്ങനെ ഒരു അവധിക്കാലത്ത്‌ രാവിലെ എണീറ്റ്‌ പല്ലുതേച്ചെന്നൊന്ന്‌ വരുത്തി പറമ്പില്‍ നടക്കാനിറങ്ങിയതായിരുന്നു ഞങ്ങള്‍..

"അല്ല, കിച്ച്വോ, നമ്മളീ വല്യതുമ്പീനെ ആനത്തുമ്പീന്നല്ലേ വിളിക്ക്യ, അപ്പൊ ദാ ഈ തുമ്പീടെ പേരെന്താ? " അനുവിന്റെയാണ്‌ ചോദ്യം... കറുത്ത ചിറകുള്ള തുമ്പിയെ ചൂണ്ടിക്കൊണ്ട്‌...

ശ്ശെടാ ഭയങ്കരാ! ഞാനിതു വരെ അങ്ങനെ ആലോചിച്ചിട്ട്‌ പോലുമില്ലാത്ത കാര്യം... അറിയില്ലാന്ന്‌ പറയാന്‍ തോന്നുന്നുമില്ല...

കയ്യില്‍ ധാരാളമായിരിക്കുന്ന ബുദ്ധിയില്‍ അല്‍പ്പം പ്രയോഗിക്കാന്‍ തന്നെ തീരുമാനിച്ചു... ആന, ആനയുടേ അത്ര വലുപ്പമില്ല... എന്നാല്‍ തീരെ ചെറുതുമല്ല.. പുലി!!! അതു തന്നെ!! കിട്ടിപ്പോയി...
"അതാണ്‌ പുലിത്തുമ്പി.. !''
"അപ്പൊ ദാ ഇതിന്റെയോ'" ഇത്തവണ ഹരീഷിന്റെയാണ്‌ ചോദ്യം..... ചാരച്ചിറകുള്ള തുമ്പിയുടെ പേരാണ്‌ പ്രശ്നക്കാരന്‍..
ഹമ്പട.... ആനയോളം വലുപ്പമില്ല.. എന്നാലേതാണ്ട്‌ പുലിയുടെ വലുപ്പമുള്ള ഒരു ജീവി... തല പുകയുന്നുണ്ടോ?...ഊം.. ഏയ്‌.. നിസ്സാരം....
"ഇത്‌ കാണ്ടാമൃഗത്തുമ്പി ..! "(ഭാഗ്യം! ഹിപ്പൊപ്പൊട്ടാമസ് എന്ന പേരപ്പോ ഓര്‍മ വരാഞ്ഞത്‌! )

പിന്നെയും ഒരുപാട്‌ വേനലവധിക്കാലങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കടന്നു പോയി.. ബാല്യം വിട്ട്‌ കൌമാരത്തിലെത്തിയ ഞങ്ങള്‍ തുമ്പി വേട്ടയും ചട്ടിപ്പന്തും കള്ളനും പോലീസും വിട്ട്‌ ക്രിക്കറ്റും ചൂണ്ടയിടലും നീന്താന്‍ പോക്കുമെല്ലാം വേനലവധിയുടെ പ്രധാന അജണ്ടയിലുള്‍ക്കൊള്ളിച്ച കാലം... അന്നൊരു വൈകുന്നേരം ഞങ്ങള്‍ അനുവിന്റെ വീട്ടിലിരിക്കുകയായിരുന്നു...
"അന്വേട്ടാ, ഈ തുമ്പിടെ പേരെന്താ?".. അജിയുടെ ആണ്‌ ചോദ്യം, അനുവിന്റെ കുഞ്ഞനിയന്‍.
"അതിന്റെ പേരു കാണ്ടാമൃഗ തുമ്പി '"..
കേട്ട്‌ കൊണ്ടിരുന്ന എന്റെ കയ്യ്‌ അറിയാതെ എന്റെ തലയിലേക്ക്‌ പോയി.. മനസ്സിലിരുന്നാരോ ചൊല്ലുന്നുണ്ടായിരുന്നു..
" ഇന്നലെ ചെയ്തോരബദ്ധം.... "


** സംഭവം ഇതു പോസ്റ്റാന്‍ പോകുന്നതിനു മുമ്പ്‌ വെറുതെ 'തുമ്പി' എന്നൊന്നു ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തതു കൊണ്ടു ഈ തുമ്പികളുടെ പേര്‌ സ്വാമി തുമ്പി എന്നാണെന്നും , കറുപ്പു നിറക്കാരന്‍ ആണും ചാര നിറക്കാരി പെണ്ണും ആണെന്നും വിക്കി പേജില്‍ നിന്നെനിക്ക്‌ മനസ്സിലായി.. ആഷച്ചേച്ചി എടുത്ത പടങ്ങളും ഉണ്ട്‌.... എന്നാലും പുലിത്തുമ്പിയും കാണ്ടാമൃഗത്തുമ്പിയും തന്നെയാണ്‌ കിടിലം!! അല്ലേ ? :-)

Wednesday, July 23, 2008

ശാര്‍ദ്ദൂലവിക്രീഡിതം

“ പന്ത്രണ്ടാല്‍ മസജം , സതംതഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം” :-)

ശാര്‍ദ്ദൂലങ്ങളുടെ ജലക്രീഡാവീനോദം..!!

ഹൈദ്രാബാദിലെ നെഹ്രുപാര്‍ക്കില്‍ നിന്നെടുത്ത ഇണ ചേരുന്ന സൈബീരിയന്‍ കടുവകളുടെ ചിത്രങ്ങള്‍.... :-)

Monday, July 7, 2008

നൊസ്റ്റാ‍ള്‍ജിയ

“ഞാനില്ലാത്ത കാലത്തെക്കുറിച്ചു നീ നൊസ്റ്റാള്‍ജിക് ആവുന്നതെനിക്കിഷ്ടല്ല....”
“അതിനിപ്പോ എന്താ ചെയ്യാ... ന്റെ കുട്ടിക്കാലത്ത് നീയില്ല്യാഞ്ഞോണ്ടല്ലേ?”
“ഏഴാം ക്ലാസ്സില്‍ കൂടെപ്പഠിച്ചപ്പോത്തന്നെ അങ്ങട്ട് പ്രേമിച്ചാ മതിയാര്‍ന്നു.”
“പിന്നൊരു വഴീണ്ട്, നിന്നെ ഞാനെന്റെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പൂവാം,
അന്നത്തെക്കാഴ്ച്ചകളൊക്കെ ഒന്നൂടിക്കാണാം.... അപ്പോ എന്റെ ഭൂ‍തകാലം നിന്റേത് കൂടിയാവും,
പിന്നെ എന്റെ.... , അല്ല ...നമ്മുടെ നൊസ്റ്റാള്‍ജിയ.......”


23/7/08- രാഹുലേട്ടന്റെ സജഷന്‍ വച്ചു, ഫോട്ടോസ് ക്രോപ്പ് ചെയ്ത്,ഒന്നൂടി പോസ്റ്റുന്നു. കുറേക്കൂടി നന്നായി എന്നാണെനിക്കു തോന്നുന്നത്. രാഹുലേട്ടനു നന്ദി. എന്നെപ്പോലുള്ള തുടക്കക്കാരെ ഇതു പോലെയുള്ള തെറ്റുകള്‍ തിരുത്താന്‍ ഇനിയും സഹായിക്കുക