Sunday, August 24, 2008

ഓര്‍മ്മകളില്‍ നമുക്കൊരു പൂക്കാലമുണ്ടായിരുന്നു


കാലം നമുക്കു ചുറ്റും എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നത് !!
പിന്നിട്ട വഴികളിലൂടെ, ഓര്‍മകളിലൂടെ ഒരു പാട് കാലത്തിന്
ശേഷം വീണ്ടും കടന്ന് പോകേണ്ടി വരുമ്പോഴായിരിക്കും കാലം വരുത്തിയ
മാറ്റങ്ങളെ അത്ഭുതത്തോടെ, നഷ്ടബോധത്തോടെ , വേദനയോടെ നോക്കി നില്‍ക്കേണ്ടി വരിക..
ഇരുന്ന മരത്തണലുകള്‍, നടന്ന വഴികള്‍, നീന്തിത്തുടിച്ച കുളം, ഊഞ്ഞാല്‍ കെട്ടിയാടിത്തിമിര്‍ത്ത മരച്ചില്ലകള്‍..... അങ്ങനെയങ്ങനെ.......

“ഓര്‍മകളില്‍ നമുക്കൊരു പൂക്കാലമുണ്ടായിരുന്നു.ആഘോഷത്തോടെ പങ്കു വെയ്ക്കാന്‍ ചിരിയും പ്രകാശവുമുള്ള കുറേ വര്‍ഷങ്ങളുണ്ടായിരുന്നു.... വ്യര്‍ത്ഥമാവാത്ത വര്‍ഷങ്ങള്‍... നമ്മുടെ കാലടികള്‍ക്ക് കീഴില്‍, മണ്ണിന് ചുവട്ടില്‍, സ്നേഹത്തിന്റെ നീരുറവകള്‍ നിശ്ശബ്ദം ഒഴുകിക്കൊണ്ടിരിക്കുന്നു”
-എംടി ( എന്‍.പി മുഹമ്മദിന്റെ വേര്‍പാടിനെപ്പറ്റി )‍

Monday, August 18, 2008

സ്വാതന്ത്ര്യം



"തയ്യല്‍ക്കാരനോട് ശിഷ്യന്‍ ചോദിച്ചു:
ഗുരോ സ്വാതന്ത്ര്യം എന്ത്?
..............................................
വിശക്കുന്നവനു ഭക്ഷണവും
ദാഹിക്കുന്നവനു വെള്ളവും
തണുക്കുന്നവനു പുതപ്പും
തളരുന്നവന് കിടപ്പും
സ്വാതന്ത്ര്യമല്ലോ
...............................
എന്നാല്‍ തുന്നാത്തവന്റെ കിനാക്കാഴ്ച കെടും
തുന്നല്‍ സൂചിയുടെ കൂര്‍ത്ത വെളിവില്‍
സ്വാതന്ത്ര്യം ഉണ്ട്
അതു വിതച്ചവന് മാത്രമുള്ള വിളവ്
വിയര്‍ത്തവന് മാത്രമുള്ള അപ്പം
തുന്നിയവന് മാത്രമുള്ള കുപ്പായം "
( സ്വാതന്ത്ര്യം ) ------------------------------------------------------------------------------ - (ബാലചന്ദ്രന്‍ ചുള്ളിക്കാട് )

അല്‍പ്പം വൈകിയെങ്കിലും എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍..!!!
** ഹൈദ്രാബാദ് മെക്കാ മസ്ജിദില്‍ നിന്നെടുത്ത ചിത്രങ്ങള്‍

Friday, August 1, 2008

ഇന്നലെ ചെയ്തോരബദ്ധം......?


പണ്ട്‌ പണ്ട്‌ നടന്ന ഒരു കഥയാണുട്ടോ................ പണ്ട്ച്ചാലേതാണ്ടൊരു പതിനഞ്ച്‌ കൊല്ലം മുമ്പെ... ഒരു വേനലവധിക്കാലത്ത്‌ ..................................................
അന്നൊക്കെ വേനലവധിച്ചാല്‍ അഘോഷാണ്‌..രാവിലെ കളിക്കാനിറങ്ങിയാപ്പിന്നെ ഇരുട്ടു വീണാലേ കൂടണയൂ, തോന്ന്യൊറമ്പില്‍ പൂരം മണുങ്ങത്താട്ട്‌ വേല തുടങ്ങിയ ദിവസങ്ങളിലാ‍ച്ചാല്‍ രാത്രി നാടകം കഴിഞ്ഞിട്ട്‌ കയറിയാലും മതി..അതായത്‌ രാത്രിഒരു രണ്ട്‌ മണി ഒക്കെ ആവും.. ജീവിതം സ്വച്ഛം സുന്ദരം !

അന്നത്തെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു തുമ്പിവേട്ട.. ഏറ്റവും വലുതും നല്ല ഉയരത്തില്‍ പറക്കുന്നതുമായ ആനത്തുമ്പി , അത്ര വലുപ്പമില്ലെങ്കിലും ചെമ്പന്‍ നിറത്തില്‍ ഒന്നു കൂടി സുന്ദരനായ ഓണത്തുമ്പി, കുറച്ചു കൂടി വലുപ്പം കുറഞ്ഞ കറുത്ത ചിറകുകളോട്‌ കൂടിയ തുമ്പി, അതേ വലുപ്പത്തില്‍ ചാര നിറമുള്ള ചിറകുകളൂള്ള മറ്റൊരു തുമ്പി, ഇവരിലും വളരെ മെലിഞ്ഞ്‌ നീലത്തലയും പച്ച ഉടലുമുള്ള സുന്ദരന്‍ തുമ്പി, ഇവരുടെ ഒന്നും നാലിലൊന്നു പോലുമില്ലാത്ത കുഞ്ഞന്‍മാരായ ചെമ്പന്‍ തുമ്പിയും നീലത്തുമ്പിയും ഇവരൊക്ക്യായിരുന്നു ഞങ്ങടെ ഇരകള്‍..

അങ്ങനെ ഒരു അവധിക്കാലത്ത്‌ രാവിലെ എണീറ്റ്‌ പല്ലുതേച്ചെന്നൊന്ന്‌ വരുത്തി പറമ്പില്‍ നടക്കാനിറങ്ങിയതായിരുന്നു ഞങ്ങള്‍..

"അല്ല, കിച്ച്വോ, നമ്മളീ വല്യതുമ്പീനെ ആനത്തുമ്പീന്നല്ലേ വിളിക്ക്യ, അപ്പൊ ദാ ഈ തുമ്പീടെ പേരെന്താ? " അനുവിന്റെയാണ്‌ ചോദ്യം... കറുത്ത ചിറകുള്ള തുമ്പിയെ ചൂണ്ടിക്കൊണ്ട്‌...

ശ്ശെടാ ഭയങ്കരാ! ഞാനിതു വരെ അങ്ങനെ ആലോചിച്ചിട്ട്‌ പോലുമില്ലാത്ത കാര്യം... അറിയില്ലാന്ന്‌ പറയാന്‍ തോന്നുന്നുമില്ല...

കയ്യില്‍ ധാരാളമായിരിക്കുന്ന ബുദ്ധിയില്‍ അല്‍പ്പം പ്രയോഗിക്കാന്‍ തന്നെ തീരുമാനിച്ചു... ആന, ആനയുടേ അത്ര വലുപ്പമില്ല... എന്നാല്‍ തീരെ ചെറുതുമല്ല.. പുലി!!! അതു തന്നെ!! കിട്ടിപ്പോയി...
"അതാണ്‌ പുലിത്തുമ്പി.. !''
"അപ്പൊ ദാ ഇതിന്റെയോ'" ഇത്തവണ ഹരീഷിന്റെയാണ്‌ ചോദ്യം..... ചാരച്ചിറകുള്ള തുമ്പിയുടെ പേരാണ്‌ പ്രശ്നക്കാരന്‍..
ഹമ്പട.... ആനയോളം വലുപ്പമില്ല.. എന്നാലേതാണ്ട്‌ പുലിയുടെ വലുപ്പമുള്ള ഒരു ജീവി... തല പുകയുന്നുണ്ടോ?...ഊം.. ഏയ്‌.. നിസ്സാരം....
"ഇത്‌ കാണ്ടാമൃഗത്തുമ്പി ..! "(ഭാഗ്യം! ഹിപ്പൊപ്പൊട്ടാമസ് എന്ന പേരപ്പോ ഓര്‍മ വരാഞ്ഞത്‌! )

പിന്നെയും ഒരുപാട്‌ വേനലവധിക്കാലങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കടന്നു പോയി.. ബാല്യം വിട്ട്‌ കൌമാരത്തിലെത്തിയ ഞങ്ങള്‍ തുമ്പി വേട്ടയും ചട്ടിപ്പന്തും കള്ളനും പോലീസും വിട്ട്‌ ക്രിക്കറ്റും ചൂണ്ടയിടലും നീന്താന്‍ പോക്കുമെല്ലാം വേനലവധിയുടെ പ്രധാന അജണ്ടയിലുള്‍ക്കൊള്ളിച്ച കാലം... അന്നൊരു വൈകുന്നേരം ഞങ്ങള്‍ അനുവിന്റെ വീട്ടിലിരിക്കുകയായിരുന്നു...
"അന്വേട്ടാ, ഈ തുമ്പിടെ പേരെന്താ?".. അജിയുടെ ആണ്‌ ചോദ്യം, അനുവിന്റെ കുഞ്ഞനിയന്‍.
"അതിന്റെ പേരു കാണ്ടാമൃഗ തുമ്പി '"..
കേട്ട്‌ കൊണ്ടിരുന്ന എന്റെ കയ്യ്‌ അറിയാതെ എന്റെ തലയിലേക്ക്‌ പോയി.. മനസ്സിലിരുന്നാരോ ചൊല്ലുന്നുണ്ടായിരുന്നു..
" ഇന്നലെ ചെയ്തോരബദ്ധം.... "


** സംഭവം ഇതു പോസ്റ്റാന്‍ പോകുന്നതിനു മുമ്പ്‌ വെറുതെ 'തുമ്പി' എന്നൊന്നു ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തതു കൊണ്ടു ഈ തുമ്പികളുടെ പേര്‌ സ്വാമി തുമ്പി എന്നാണെന്നും , കറുപ്പു നിറക്കാരന്‍ ആണും ചാര നിറക്കാരി പെണ്ണും ആണെന്നും വിക്കി പേജില്‍ നിന്നെനിക്ക്‌ മനസ്സിലായി.. ആഷച്ചേച്ചി എടുത്ത പടങ്ങളും ഉണ്ട്‌.... എന്നാലും പുലിത്തുമ്പിയും കാണ്ടാമൃഗത്തുമ്പിയും തന്നെയാണ്‌ കിടിലം!! അല്ലേ ? :-)